Tuesday 23 October 2012

സൂറത്തുല്‍ ബഖറ

വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും ദീര്‍ഘിച്ച അധ്യായമാണിത്. 286 വാക്യങ്ങള്‍ ഇതിലുണ്ട്. മദീനയിലാണ് അവതരിച്ചത്. അവസാനഭാഗത്തു വരുന്ന 'നിങ്ങള്‍ ഒരു ദിനം സൂക്ഷിക്കുക...' എന്നാരംഭിക്കുന്ന 281-ാംവാക്യം ഹജ്ജതുല്‍വിദാഇല്‍ മക്കയിലെ മിനയില്‍ വെച്ചാണ് ഇറങ്ങിയതെങ്കിലും ഹിജ്റക്കു ശേഷമാണ് എന്ന പരിഗണനയില്‍ അതും മദനിയ്യ് തന്നെ. മക്കയിലും മദീനയിലും അവതീര്‍ണമായ സൂറകളില്‍ മൌലികമായ ചില അന്തരങ്ങളുണ്ടെന്നത് നാം ഗ്രഹിച്ചിരിക്കേണ്ടതാണ്. ഹിജ്റയുടെ മുമ്പും ശേഷവും അവതരിച്ചവയാണല്ലോ യഥാക്രമം മക്കിയ്യും മദനിയ്യും. ഈ രണ്ടു ഘട്ടങ്ങള്‍ ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം തികച്ചും വ്യത്യസ്തമായിരുന്നു. ഹിജ്റയുടെ മുമ്പ് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ്. മതത്തിന്റെ പ്രബോധനവും പ്രചാരണവുമൊക്കെ അത്യന്തം ദുഷ്കരമായിരുന്നു. മതകാര്യങ്ങള്‍ ആചരിക്കാനുള്ള വ്യക്തിസ്വാതന്ത്യ്രംപോലും നിഷ്കരുണം വിധ്വംസനം ചെയ്യപ്പെട്ടിരുന്ന നാളുകള്‍. ഹിജ്റക്കു ശേഷമാകട്ടെ സ്ഥിതിഗതികള്‍ മാറിവന്നു. അന്തരീക്ഷം തെളിയാന്‍ തുടങ്ങി. ദീനിന്റെ പുരോഗതിയുടെ നാളുകള്‍ സംജാതമായി. സൂക്ഷ്മമായ അധ്യാപനത്തിന്റെയും വിസ്തൃതമായ പ്രബോധനത്തിന്റെയും നാളുകള്‍ ആസന്നമായി.

ഈ സൂറത്തിന്റെ മഹത്ത്വവും ശ്രേഷ്ഠതയും ഒട്ടേറെയാണ്. ധാരാളം ഹദീസുകള്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കല്‍ തിരുനബി ÷ പറഞ്ഞു: നിങ്ങള്‍ സൂറത്തുല്‍ ബഖറ ഓതുക. അതു പഠിക്കല്‍ ബറകത്തും അതിനെ ഉപേക്ഷിക്കല്‍ നഷ്ടവുമാകുന്നു (അബൂഉമാമ-മുസ്ലിം). വേറെയൊരു ഹദീസില്‍ ഇങ്ങനെയുണ്ട്: അല്‍ബഖറ സൂറ പാരായണം ചെയ്യപ്പെടുന്ന വീട്ടില്‍ നിന്നു പിശാച് ഓടിപ്പോകുന്നതാണ് (അബൂഹുറൈറ-മുസ്ലിം). ഒരിക്കല്‍ ഒരു സേനാവ്യൂഹത്തെ നിയോഗിച്ചയച്ചപ്പോള്‍ കൂട്ടത്തില്‍ പ്രായം കുറഞ്ഞ ഒരാളെ തിരുനബി ÷ അവരുടെ നേതാവായി നിശ്ചയിച്ചു കൊടുക്കുകയുണ്ടായി. അദ്ദേഹം സൂറതുല്‍ ബഖറ മന:പാഠമാക്കിയിരുന്നു എന്നതാണ് കാരണം. ഇത് തുര്‍മുദി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുപോലെ വേറെയും നബിവചനങ്ങള്‍ കാണാം. അതിന്റെ മഹത്ത്വവും പ്രതിഫലാധിക്യവും സംബന്ധിച്ച് മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും സംസാരിച്ചിട്ടുണ്ട്. ഇമാം ഖുര്‍ഥുബി(റ) എഴുതുന്നു: ഇതിന്റെ ഗാംഭീര്യവും സൌന്ദര്യവുംകൊണ്ടും ഇതുള്‍കൊള്ളുന്ന മതവിധികളുടെയും സദുപദേശങ്ങളുടെയും ആധിക്യം കൊണ്ടുമാണത്. ഇതിലെ നിയമങ്ങളും ഇതുള്‍ക്കൊള്ളുന്ന മറ്റു രഹസ്യങ്ങളും ഉമര്‍(റ) പഠിച്ചത് പന്ത്രണ്ട് വര്‍ഷങ്ങള്‍ കൊണ്ടാണ്... (അല്‍ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍, വാല്യം 1, പേജ് 152).

No comments:

Post a Comment